ചലച്ചിത്ര കല ഇന്ത്യയിൽ

ചലച്ചിത്ര കല ഇന്ത്യയിൽ


ചലിക്കുന്ന ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനം മുതൽ വിഗതകുമാരൻ വരെ...



ഒരു സംസ്കാരവും പൊടുന്നനെ ശൂന്യതയിൽനിന്നും പൊട്ടിവീഴുന്നതൊന്നുമല്ല.
ലൂമിയർ സഹോദരന്മാർ അവരുടെ ചലച്ചിത്ര പ്രദർശനം ആരംഭിച്ചതിനു തൊട്ടടുത്ത വർഷം തന്നെ ചലച്ചിത്ര കല കടലുകൾ താണ്ടി ഇന്ത്യയിൽ എത്തിക്കഴിഞ്ഞിരുന്നു കുറേക്കൂടി തെളിച്ചു പറഞ്ഞാൽ റഷ്യയിൽ സിനിമ എത്തിയ അതേ ദിവസം തന്നെയാണ് ഇന്ത്യയിലും എത്തിയത്.1896 ജൂലായ് 7 ആം തീയതി ബോംബയിലെ വാട്സൺ ഹോട്ടലിൽ വെച്ച് ലൂമിയർ സഹോദരന്മാർ തന്നെ നടത്തിയതായിരുന്നു ആ നൂതന കലാരൂപത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദർശനം.1897 സെപ്തംബറിൽ പ്രദർശിപ്പിച്ച ''കോക്കനട് ഫെയർ'' എന്ന ലഘുചിത്രമാണ് ഇന്ത്യയിൽ നിർമ്മിച്ച സുഘടിതമായൊരു പ്രമേയമുള്ള ആദ്യത്തെ ചലച്ചിത്രം.1898ൽ പ്രൊഫസർ സ്റ്റീവൻസൺ എന്ന ഇംഗ്ളീഷ് കാമറ മാൻ ചിത്രണം ചെയ്ത ''പനോരമ ഓഫ് കൽക്കത്തയും'' തുടർന്നുള്ള വർഷങ്ങളിൽ ഹരിശ്ചന്ദ്ര സഖാറാം ഫത്‍വദേക്കർ, ഹീരാ ലാൽ സെൻ തുടങ്ങിയവരുടെ ചിത്രങ്ങളും പുറത്തുവന്നു. യഥാർഥ സംഭവങ്ങളെ രേഖപ്പെടുത്തി വെക്കാനുള്ള ഒരു യാന്ത്രികോപകരണം മാത്രമായിരുന്നു ക്യാമറ ആദ്യകാല ചലച്ചിത്ര നിർമാതാക്കളുടെ കയ്യിൽ. ദൃശ്യങ്ങളുടെ പരസ്പരവിന്യാസത്തിന്റെ സാധ്യതകളെയാരാഞ്ഞു ഒരു കലാരൂപമാക്കി ചലച്ചിത്രത്തെ വളർത്തിയെടുക്കുവാനുള്ള ശേഷിയോ ഭാവനയോ അന്നവർക്ക് ഇല്ലായിരുന്നു ...

ആർ ജി തോർണിയും എൻ ജി ചിത്രയും ചേർന്ന് 1912 മെയ് മാസത്തിൽ പുറത്തിറക്കിയ ''പുണ്ടലീക്'' ആണ് ഇന്ത്യയിലെ ആദ്യത്തെ കഥാചിത്രം. എങ്കിലും ബോബിബേയിലെ കെറോണേഷൻ തീയറ്ററിൽ അടുത്തവർഷം (1913 മെയ് 3) പ്രദർശനം ആരംഭിച്ച ദുന്തിരാജ് ഗോവിന്ദ് ഫാൽക്കേയുടെ ''രാജാ ഹരിചന്ദ്ര'' ആണ് വ്യാപകമായി ശ്രെധിക്കപ്പെട്ടതു. ബംഗാളിൽ നിന്നുള്ള ജെ എഫ് മദൻ നിർമ്മിച്ച ''സത്യവാൻ രാജാ ഹരിചന്ദ്ര'' (1917) എസ്എൻ പതനേകരുടെ ''എക്സൈൽ ഓഫ് ശ്രീരാമാ'' (1918), മദ്രാസിലെ ആർ നടരാജ മുതലിയാരുടെ ''കീചക വധം'' (1919 ) ജെ എഫ് മദന്റെ ''നളദമയന്തി''(1920 )സുചേത് സിംഗിന്റെ ''ശകുന്തള'' (1920 ) എന്നീ ചിത്രങ്ങൾ തുടർന്ന് പുറത്തിറങ്ങി ചലിക്കുന്ന നിഴൽരൂപങ്ങളെ കാണാനുള്ള കൗതുകമായിരുന്നു തുടക്കത്തിൽ ജനങ്ങളെ ചലച്ചിത്രത്തിലേക്കു ആകർഷിച്ചത്.പുതുതായി എത്തുന്ന എന്തിനേയും സംശയ ദൃഷ്ട്യാ വീക്ഷിച്ചു അകറ്റി നിർത്തുന്ന ഭാരതീയന്റെ യാഥാസ്ഥിതിക മനോഭാവം ആദ്യമൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കാതിരുന്നില്ല എങ്കിലും പുരാണ കഥാ സ്വീകരണവും അതിലൂടെയുള്ള നീതിസാര പ്രബോധനവുമൊക്കെ ചലച്ചിത്രത്തെ വെറുമൊരു കൗതുക വസ്തു എന്നതിലുപരി ഒരു ആശയ പ്രകാശന മാധ്യമവും ഗൗരവതരമായ കലയുമായി വളർത്തുകയായിരുന്നു. ക്യാമറ വെറുമൊരു കളിക്കോപ്പു എന്നതിനേക്കാൾ കലാരചനയ്ക്കുള്ള കരുത്തുറ്റ ഉപകരണമായി മാറി. രൂപത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഭ്രമം ക്രമേണ ഉള്ളടക്കത്തിന്റെ കാര്യത്തിലേക്കു പടർന്നു.പിന്നെപ്പിന്നെ അതിദ്രുതം ചലച്ചിത്രം ശ്രേദ്ധേയമായൊരു കലയായി രൂപംകൊണ്ട് അംഗീകാരം നേടുകയായി. ഇതിനുപിന്നിൽ സാഹസികരായ ചെറുപ്പക്കാരുടെ വ്യയവും ശ്രമവും കണ്ടമാനം ഉണ്ടായിരുന്നു. ചലച്ചിത്രരചന അവരെ സംബന്ധിച്ചിടത്തോളം ആദ്യമായും അവസാനമായും കലോപാസന തന്നെയായിരുന്നു. അല്ലാതെ ഇന്നത്തെപ്പോലെ കാശടിച്ചുവാരാനുള്ള സൂത്രപ്പണിയൊന്നുമല്ലായിരുന്നു.
താമസിയാതെതന്നെ പുരാണ കഥാ സംഭവങ്ങൾക്കു പകരം സാമൂഹ്യ വിഷയങ്ങളും ചലച്ചിത്രമാധ്യമത്തിൽ പരാമർശ വിധേയമാക്കാൻ തുടങ്ങി 1921ൽ

പുറത്തിറങ്ങിയ ധീരൻ ഗാംഗുലിയുടെ ''ഇംഗ്ളണ്ട് റിട്ടേൺസ്'' എന്ന സാമൂഹ്യആക്ഷേപഹാസ്യമാണ് അത്തരത്തിൽ ഇന്ത്യയിലെ ആദ്യത്തെ ചിത്രം. പാശ്ചാത്യമായ പരിഷ്കാര ഭ്രമത്തിൽപെട്ട് നിലമറന്നു അനുകരണം നടത്തുന്ന ഇൻഡ്യാക്കാരെ ആക്ഷേപിച്ചുകൊണ്ടുള്ള ഒരു സദുദ്ദേശ ചിത്രമായിരുന്നു അത്.ബാബുറാവ് പെയിന്ററുടെ ''സൗപരികാശ്'' (1925) ഹുണ്ടികക്കാരന്റെ ക്രൂരമായ ചൂഷണത്തിന് ഇരയാകുന്ന ഒരു സാധു കർഷകന്റെ ദയനീയാവസ്ഥയെ യഥാർത്ഥമായി ചിത്രീകരിക്കാനുള്ള ആദ്യത്തെ ശ്രമമായിരുന്നു ബാബുറാവ് പെയിന്റർ വി ശാന്താറാമും കെ ധൈബറും ചേർന്ന് സംവിധാനം ചെയ്തു 1927 ൽ പുറത്തിറക്കിയ ''നേതാജി പാൽക്കർ'' ആണ് ഇന്ത്യയിലെ ആദ്യത്തെ ചരിത്രകഥാചിത്രം. 1928ൽ ആണ് ചലച്ചിത്രകലയുടെ തേരോട്ടം കേരളത്തിൽ ആരംഭിക്കുന്നത്. ജെ സി ദാനിയേലിന്റെ ''വിഗതകുമാരൻ'' 1928ൽ ആണ് പുറത്തിറങ്ങിയത്.

Comments

Popular posts from this blog

സ്ക്രിപ്റ്റിംഗ്

എന്താണ് എഡിറ്റിംഗ് ?

തിരക്കഥ എങ്ങനെ മോഷ്ടിക്കപ്പടാതെ രജിസ്റ്റർ ചെയ്യാം